Home Malayalam movie news Reviews Box Office Analytics 2017 – Asif Ali

Box Office Analytics 2017 – Asif Ali

SHARE
Box Office Analytics 2017 - Asif Ali
Box Office Analytics 2017 - Asif Ali

 

2017-ൽ മാത്രം മലയാളത്തിൽ സൂപ്പർ സ്റ്റാറുകളുടെ അടക്കം വലുതും ചെറുതുമായി 141 സിനിമകളാണ് റിലിസ് ചെയ്തത്. ഇതിൽ കുറച്ചു സിനിമകൾ മാത്രമാണ് തീയേറ്ററുകളിൽ വിജയം കൊയ്‌തത്‌. പല സിനിമകളും വിചാരിച്ച പോലെ വിജയമായില്ലെങ്കില്‍ക്കൂടിയും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു. നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയായിരുന്ന ആസിഫ് അലിയുടെ മികച്ച തിരിച്ചു വരവായിരുന്നു 2017 ൽ. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്. പോയ വര്‍ഷത്തെ ആസിഫ് അലി ചിത്രങ്ങളുടെ കളക്ഷൻ ഒന്ന് വിലയിരുത്താം.

1. ഹണി ബി 2 സെലിബ്രേഷന്‍സ്

ജീന്‍പോള്‍ ലാല്‍ 2013 ല്‍ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹണി ബി യുടെ രണ്ടാം ഭാഗമാണ് ഹണി ബി 2 സെലിബ്രേഷന്‍സ്. ആദ്യഭാഗത്തിലെ കഥാപാത്രങ്ങളെല്ലാം രണ്ടാം ഭാഗത്തിലും അണിനിരന്നപ്പോൾ
ലെന, ശ്രീനിവാസൻ, പ്രേംകുമാർ, ഗണപതി എന്നിവരാണ് പുതിയതായെത്തിയത്. റിലീസിന് മുൻപേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ അത്ര ശോഭിച്ചില്ല. 3 കോടി രൂപ ബജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ 5 കോടിയോളം രൂപയാണ്.

2. അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ

ആസിഫ് അലി, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രമാണ് അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ. അജു വർഗ്ഗീസ്, സൈജു കുറുപ്പ്, സിദ്ദിക്ക്, ശിവജി ഗുരുവായൂർ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച അഭിപ്രായം നേടിയിട്ടും തീയറ്ററുകളിൽ നിലനിൽക്കാനാവാതെ പോയ ചിത്രത്തെ സമൂഹ മാധ്യമങ്ങളിലെ ക്യാമ്പയിനാണ് തിരികെ കൊണ്ടുവന്നത്. 2.50 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം ആകെ 7.5 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

3. അവരുടെ രാവുകൾ

അസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്‌, അജു വർഗീസ്‌, ഹണി റോസ്, നെടുമുടി വേണു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനിൽ മുഹമ്മദ്‌ സംവിധാനം ചെയ്ത ചിത്രമാണ് അവരുടെ രാവുകൾ. നിര്‍മാതാവിന്റെ ആകസ്മിക മരണം കനത്ത ആഘാതം സൃഷ്ടിച്ച ചിത്രം ഏറെ പ്രതിസന്ധികൾക്ക് ശേഷമാണ് തീയേറ്ററിലെത്തിയത്. 4 കോടി രൂപ ബജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ 6 കോടിയോളം രൂപയാണ്.

4. സൺ‌ഡേ ഹോളിഡേ

ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ശ്രീനിവാസന്‍, ലാല്‍ ജോസ്, സിദ്ദീഖ്, ആശാ ശരത്ത്, അലെൻസിയർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 4 കോടി രൂപ ബജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ 22 കോടിയോളം രൂപയാണ്.

5. തൃശ്ശിവപേരൂർ ക്ലിപ്തം

ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് തൃശ്ശിവപേരൂര്‍ ക്ലിപ്തം. ഒട്ടേറെ പുതുമകളുമായി തീയറ്ററിലെത്തിയ റോൾ മോഡൽസിന് പക്ഷെ ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. 4 കോടിയോളം രൂപ മുതൽമുടക്കിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ 8 കോടി രൂപ മാത്രമാണ്.

6. കാറ്റ്

ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് കാറ്റ്. സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ വരലക്ഷ്മിയാണ് നായികയായി എത്തിയത്. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ അത്ര ശോഭിച്ചില്ല. 3.5 കോടി രൂപ ബജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ 6 കോടിയോളം രൂപയാണ്.

പോയ വർഷം ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത മുൻനിര നായകനാണ് ആസിഫ് അലി. ടേക്ക് ഓഫ് ഉൾപ്പെടെ 7 സിനിമകളിലാണ് 2017 ല്‍ ആസിഫിന്റേതായി പുറത്തിറങ്ങിയത്. വ്യത്യസ്തത പുലർത്തിയ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ആരാധകരെ സംതൃപ്തിപ്പെടുത്തിയവയായിരുന്നു. പക്ഷെ അതിൽ മിക്കതും ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കിയില്ല. പക്ഷെ കാറ്റിലെ നൂഹകണ്ണ് എന്ന വ്യത്യസ്തമായ കഥാപാത്രത്തോട് സംഭാഷണങ്ങള്‍കൊണ്ടും ശരീരഭാഷകൊണ്ടും നീതി പുലര്‍ത്താന്‍ ആസിഫ് അലിയ്ക്കായി. 6 ചിത്രങ്ങൾക്കാകെ 21 കോടി ചിലവായപ്പോൾ അദ്ദേഹം ബോക്സ് ഓഫീസിൽ നിന്നും നേടിയത് 55 കോടിയോളം രൂപയാണ്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.