Home Malayalam Latest Reviews Masterpiece Malayalam Movie Review

Masterpiece Malayalam Movie Review

SHARE

Masterpiece Malayalam Movie Review

രാജാധിരാജയ്ക്ക് എന്ന ഹിറ്റ് സിനിമക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒരുമിച്ച മാസ്റ്റർപീസ് എന്ന ചിത്രം തീയേറ്ററുകളിൽ എത്തി. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, മുകേഷ്, പൂനം ബജ്‌വ, വരലക്ഷ്മി ശരത്കുമാർ , മക്ബൂൽ സൽമാൻ, ഗോകുൽ സുരേഷ് ഗോപി, സന്തോഷ് പണ്ഡിറ്റ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്. സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാരാ ചലച്ചിത്രം എന്നതും മാസ്റ്റർപീസിനെ ശ്രദ്ധേയമാക്കുന്നു. റോയൽ സിനിമാസിന്റെ ബാനറിൽ സി എച് മുഹമ്മദ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉദയ കൃഷ്ണയാണ്.

ക്യാംപസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു സസ്പെൻസ് ത്രില്ലറായ ഈ ചിത്രത്തിൽ  കോളേജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്. അടിയും തല്ലുമായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു കോളേജിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ നടക്കുന്ന പ്രശനങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്.
എഡ്വേര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ അഥവാ എഡ്ഡി എന്ന കോളജ് പ്രഫസറായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.

ഒരു മാസ് ചിത്രം എന്ന ടാഗിൽ പുറത്തിറങ്ങിയ ചിത്രം ആ വാക്കിനോട് 100% നീതി പുലർത്തി എന്ന് പറയാം . ആക്ഷനും ത്രില്ലറും ചേർത്തൊരു ഗംഭീര വിരുന്നാണ് സംവിധായകൻ അജയ് വാസുദേവ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.  വിശ്വസനീയമായ രീതിയിൽ കഥ സന്ദർഭങ്ങൾ അവതരിപ്പിക്കാനും, മികച്ച ഒരു കഥയുടെ പിൻബലത്തോടെ രണ്ടേ മുക്കാൽ മണിക്കൂർ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ സിനിമ ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചു. അതിൽ എടുത്തു പറയേണ്ടത് ട്വിസ്റ്റുകൾ നിറഞ്ഞ ക്ലൈമാക്സ് രംഗങ്ങളാണ്, അതിനു സഹായമായത് ഉദയ് കൃഷ്ണ ഒരുക്കിയ തിരക്കഥയാണ്.

എഡ്വേർഡ് ലിവിങ്സ്റ്റൺ എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടി എന്ന് യാതൊരു സംശയവും കൂടാതെ പറയാം. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യം കൊടുത്ത സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. ഈ പ്രായത്തിലും അദ്ദേഹം കാണിക്കുന്ന അർപ്പണബോധം അഭിനന്ദനാർഹമാണ്.

കൂടാതെ ജോൺ തെക്കൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി എത്തിയ ഉണ്ണി മുകുന്ദനും നിലവാരം പുലർത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച വരലക്ഷ്മി ശരത്കുമാർ, മുകേഷ്, പൂനം ബജ്‌വ, സുനിൽ സുഗത, ഗോകുൽ സുരേഷ്, കലാഭവൻ ഷാജോൺ, മഹിമ നമ്പ്യാർ, അർജുൻ നന്ദ കുമാർ, സജു നവോദയ, ദിവ്യ പിള്ള, മക്ബൂൽ സൽമാൻ, സന്തോഷ് പണ്ഡിറ്റ്, ക്യാപ്റ്റൻ രാജു, കൈലാസ് , നന്ദു, ശിവജി ഗുരുവായൂർ, ബിജു കുട്ടൻ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

തെന്നിന്ത്യയിലെ ആക്ഷൻ കോറിയോഗ്രാഫര്മാരായ സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റർ, മാഫിയാ ശശി എന്നിവരുടെ വ്യത്യസ്തമാർന്ന ആക്ഷൻ രംഗംങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു വ്യത്യസ്തത. വിനോദ് ഇല്ലംപള്ളിയുടെ ഛായാഗ്രഹണം സിനിമയുടെ കഥാന്തരീക്ഷത്തോട് ചേർന്ന് നിൽക്കുന്നതാണ്. ദീപക് ദേവ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലം സംഗീതവും ഒന്നിനൊന്ന് മികച്ചതായി തോന്നി. ജോൺകുട്ടിയാണ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ ഒഴുക്കിനെ ഒട്ടും തന്നെ തടസപ്പെടുത്താതെയാണ് അദ്ദേഹം ചിത്രം എഡിറ്റ് ചെയ്യ്തിരിക്കുന്നത്.

പതിഞ്ഞ താളത്തിൽ തുടങ്ങിയ ചിത്രത്തിന്റെ തുടക്കം വളരെ മെല്ലെയായിരുന്നു. കൂടാതെ ഉണ്ണി മുകുന്ദൻ കൈകാര്യം ചെയ്ത ജോൺ തെക്കൻ എന്ന കഥാപാത്രത്തിനെ സംവിധായകന് കുറച്ചുകൂടി റിയലിസ്റ്റിക് ആക്കാമായിരുന്നു. അദ്ദേഹത്തിന്റെ ചില ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർക്ക് ഉൾകൊള്ളാവുന്നതിലുമപ്പുറമായിരുന്നു. അതുപോലെ 15 കോടി രൂപ ബഡ്ജറ്റിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ ്ചസംവിധായകന് മികച്ചതാക്കാമായിരുന്നു.

മാസ് സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണേണ്ട സിനിമ തന്നെയാണ് മാസ്റ്റർ പീസ്. കൂടാതെ മമ്മൂട്ടി ഫാൻസിനു ആഘോഷിക്കാൻ ഉള്ള എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. ഈ ക്രിസ്മസ് കാലത്തു കൂട്ടുകാരുമൊത്തോ ഫാമിലി ആയിട്ടോ പോയി ആസ്വദിച്ചു കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമയാണ്.

IMP Movie Media rating : 2.8/5

LEAVE A REPLY