Home Malayalam Latest Reviews Paippinchuvattile Pranayam Movie Review

Paippinchuvattile Pranayam Movie Review

SHARE
Paippin chuvattile pranayam movie review
Paippin chuvattile pranayam movie review

Paippinchuvattile Pranayam Movie Review

വ്യത്യസ്തമാർന്ന വേഷത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നീരജ് മാധവ് ആദ്യമായി നായകനാവുന്ന പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രം തീയേറ്ററുകളിൽ എത്തി. ഹാസ്യവും പ്രണയവും കൂടാതെ ചില സമകാലിക പ്രശ്നങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ ഡോമിൻ ഡി സിൽവയാണ്. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ റീബ മോണിക്ക ജോൺ ആണ് ഈ ചിത്രത്തിൽ നീരജിന്റെ നായികയായി എത്തുന്നത്. അജു വര്ഗീസ്, സുധികോപ്പ, ശരത്ത്, ജിഷ്ണ, ധർമജൻ ബോൾഗാട്ടി, ജാഫർ ഇടുക്കി, ഇന്ദ്രന്സ്, ചെമ്പിൽ അശോകൻ, തെസ്നി ഖാൻ, സേതുലക്ഷ്മി, ശ്രുതി ജയൻ, മേരി, ബേബി, സുബീഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്.

100 ഡേയ്സ് ഓഫ് ലൗ എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് ശേഷം ഐശ്വര്യസ്നേഹാ മൂവീസിന്റെ ബാനറിൽ വിജയകുമാർ പലക്കുന്നിൽ ആണ് ഈ ചിത്രം നിർമ്മിച്ചത്.

സിനിമയുടെ ടീസറും പാട്ടുകളും കണ്ടപ്പോൾ ഇത് ഒരു പൂർണ കോമഡി റൊമാന്റിക് ചിത്രമാണെന്നായിരിക്കും നമ്മൾ കരുതിയിട്ടുണ്ടാവുക , പക്ഷെ അതിലുപരി ഒരു ദ്വീപിൽ ഒറ്റപ്പെട്ടു കഴിയുന്ന കുടുംബങ്ങളും അവര് നേരിടുന്ന ചില സാമൂഹിക പ്രശ്നങ്ങളും കഥാ പശ്ചാത്തലമായി എത്തുന്നു.

ടോമിൻ ഡി സിൽവ എന്ന നവാഗതൻ മികച്ച ഒരു എന്റെർറ്റൈനെർ തന്നെയാണ് നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതെന്നു നിസംശയം പറയാം. വിശ്വസനീയമായ രീതിയിൽ കഥ സന്ദർഭങ്ങൾ അവതരിപ്പിക്കാനും, മികച്ച ഒരു കഥയുടെ പിൻബലത്തോടെ ഒരു വലിയ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം പ്രേക്ഷകരിലേക്ക് പകർന്നു നല്കാൻ ടോമിനു കഴിഞ്ഞിട്ടുണ്ട്. വരും കാലങ്ങളിൽ മലയാള സിനിമയ്ക്ക് പ്രതീക്ഷ അർപ്പിക്കുവാനാകുന്ന ഒരു സംവിധായകനാണ് താനെന്നു ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ടോമിൻ.

ഗോവുട്ടിയായി നീരജ് മാധവ് എത്തുമ്പോൾ ഋഷികുമാർ (ഉപ്പും മുളകും ഫെയിം), ശ്രീനാഥ്, സുധി കോപ്പ എന്നിവരാണ് ബാഷ, കൊഴുവ, അയ്യപ്പൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീരജ് മാധവ് ഒരിക്കൽ കൂടി മികച്ച പ്രകടനമാണ് നൽകിയത്. ലവ കുശ , ഒരു മെക്സിക്കൻ അപാരത എന്നീ ചിത്രങ്ങൾക്ക് ശേഷം വളരെ വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെ നീരജ് വളരെ വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചു. തന്റെ ഗംഭീര സ്ക്രീൻ പ്രെസെൻസും ഡയലോഗ് ഡെലിവറി സ്റ്റൈലും കൊണ്ട് നീരജ് പ്രേക്ഷകരെ ഒരിക്കൽ കൂടി കയ്യിലെടുത്തു.  എടുത്തുപറയേണ്ട മറ്റൊരു കാര്യമെന്തെന്നാൽ റ്റീനയായി അഭിനയിച്ച റീബയുടെ പെർഫോമൻസാണ്. തന്റെ ആദ്യത്തെ മുഴുനീള കഥാപാത്രം എന്ന നിലയിൽ നിലവാരം പുലർത്തുന്ന പ്രകടനമാണ് റീബ കാഴ്ചവച്ചത്. റീബയുടെയും നീരജിന്റേയും കോമ്പിനേഷൻ സീനുകൾ വളരെ മനോഹരമായിരുന്നു.

അജു വര്ഗീസ്, സുധികോപ്പ, ശരത്ത് (അങ്കമാലി ഫെയിം) ജിഷ്ണ, ധർമജൻ ബോൾഗാട്ടി, ജാഫർ ഇടുക്കി, ഇന്ദ്രന്സ്, ചെമ്പിൽ അശോകൻ, തെസ്നി ഖാൻ, സേതുലക്ഷ്മി, ശ്രുതി ജയൻ (അങ്കമാലി ഫെയിം) മേരി, ബേബി (ആക്ഷൻ ഹീറോ ബിജു ഫെയിം) സുബീഷ് എന്നിവർ തങ്ങളുടെ വേഷങ്ങൾ വളരെ ഭംഗിയാക്കി. അതിൽ എടുത്തു പറയേണ്ടത് സുധി കോപ്പയുടെ പ്രകടനമായിരുന്നു. അയ്യപ്പൻ എന്ന കഥാപാത്രം സുധിയുടെ കരീറിൽ ഒരു വഴിത്തിരിവുണ്ടാക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

ഒറ്റ ഷോട്ടിൽ ഒരു സിനിമ പൂർണ്ണമായും ചിത്രീകരിച്ചു റെക്കോർഡിനുടമയായ പവി കെ പവനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. അദ്ദേഹത്തിന്റെ മനോഹരമായ ഫ്രെയ്‌മുകൾ സിനിമയുടെ കഥാന്തരീക്ഷത്തോട് ചേർന്ന് നിൽക്കുന്നതാണ്. ബിജിബാൽ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലം സംഗീതവും ഒന്നിനൊന്ന് മികച്ചതായി തോന്നി. സന്ദീപ് നന്ദകുമാർ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്, കൃത്യമായ വേഗതയിലും സിനിമയുടെ ഒഴുക്കിനെയും തടസപ്പെടുത്താതെ വളരെ മനോഹരമായിട്ടാണ് അദ്ദേഹം ചിത്രം എഡിറ്റ് ചെയ്യ്തിരിക്കുന്നത്.

മൊത്തത്തിൽ പറഞ്ഞാൽ അധികം പ്രതീക്ഷകൾ ഒന്നും ഇല്ലാതെ പോയാൽ അധികം ബോറടി ഒന്നും കൂടാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു ആവറേജ് സിനിമയാണ് പൈപ്പിൻ ചുവട്ടിലെ പ്രണയം, കൂടാതെ വളരെ നല്ല ഒരു മെസ്സേജും ഈ സിനിമ പ്രേക്ഷകന് നൽകുന്നുണ്ട്. കൂട്ടുകാരുമൊത്തോ ഫാമിലി ആയിട്ടോ പോയി ആസ്വദിച്ചു കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമയാണ്.

IMP Movie Media rating : 2.7/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.