Home Malayalam Latest Reviews Pullikkaran Stara Movie Review

Pullikkaran Stara Movie Review

SHARE
pullikaran stara movie review
pullikaran stara movie review

Pullikkaran Stara Movie Review

സെവൻത് ഡേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ശ്യാംധർ സംവിധാനം ചെയ്ത ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ. തന്റെ ആദ്യ ചിത്രത്തിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു പ്രമേയമായിട്ടാണ് ശ്യാംധർ ഇത്തവണ എത്തിയത്. ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ദിലീഷ് പോത്തന്‍, ഇന്നസെന്റ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ മാത്രം നൂറോളം തീയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷാണ് നിർമ്മിച്ചത്.

സെവൻത് ഡേയ് എന്ന സസ്പെൻസ് ത്രില്ലറിൽ നിന്ന് വ്യത്യസ്തമായി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന വളരെ മനോഹരമായ ഒരു കുടുംബ ചിത്രവുമായിട്ടാണ് ശ്യാംധർ ഇത്തവണ എത്തിയത്. പ്രേക്ഷകരെ ഒട്ടും മടുപ്പിക്കാത്ത അവതരണ ശൈലിയും നിലവാരമുള്ള കോമഡി രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. രതീഷ് രവി എന്ന നവാഗത തിരക്കഥാകൃത്ത്‌ ഒരുക്കിയ മികച്ച തിരക്കഥയുടെ ലാളിത്യവും ഭംഗിയും ഒട്ടും ചോരാതെ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ശ്യാംധറിനു കഴിഞ്ഞിട്ടുണ്ട്. വരും കാലങ്ങളിൽ മലയാള സിനിമയ്ക്ക് പ്രതീക്ഷ അർപ്പിക്കുവാനാകുന്ന സംവിധായകനാണ് താനെന്നു ഒരിക്കൽ കൂടി ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ശ്യാം.

സിനിമയുടെ പേര് പോലെ തന്നെ വളരെ പ്രതേകതകളും കൗതുകവുമുള്ള ഒരു കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന രാജകുമാരൻ. സ്‌കൂളുകളിലെ പുതിയ പാഠ്യപദ്ധതിയുമായെത്തുന്ന ഒരു ടീച്ചർ ട്രെയ്നറാണ് രാജകുമാരൻ. എന്ത് കാര്യമായാലും കഥകളിലൂടെ എല്ലാവരെയും പറഞ്ഞു മനസിലാക്കാൻ പ്രത്യേക കഴിവുള്ള രാജകുമാരൻ തന്റെ ജോലിയുമായി ബന്ധപെട്ടു ഇടുക്കിയിൽ നിന്നും എറണാകുളത്തെത്തുന്നതും അവിടെ വച്ച് രാജകുമാരന്റെ ജീവിതത്തിലേക്ക് മഞ്ജരി, മഞ്ജിമ എന്നീ രണ്ടു കഥാപാത്രങ്ങൾ കടന്നു വരികയും അതിനെ തുടർന്ന് രാജകുമാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

 

പ്രകടനത്തിൽ കാര്യത്തിൽ മമ്മൂട്ടി എന്നത്തേയും പോലെ തന്നെ മുന്നിൽ തന്നെയുണ്ട്. രാജകുമാരൻ എന്ന കഥാപാത്രത്തെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇത്ര ലാളിത്യത്തോടെ ഒരു മമ്മൂട്ടി ചിത്രം ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല എന്ന് പറയുന്നതാവും ശരി. കൂടാതെ മമ്മൂട്ടിയിലെ താരത്തെയും നടനെയും അതിന്റെ ആവശ്യകത അനുസരിച്ചു സംവിധായകൻ മികച്ച രീതിയിൽ തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മഞ്ജരി എന്ന സ്കൂൾ ടീച്ചറുടെ വേഷത്തിൽ എത്തിയ ആശ ശരത്, തന്റെ കഥാപാത്രം മനോഹരമാക്കിയപ്പോൾ മഞ്ജിമ ആയെത്തിയ ദീപ്തി സതിയും നിലവാരം പുലർത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

ചിത്രത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ് എന്തെന്നാൽ പ്രാഞ്ചിയേട്ടന് ശേഷം ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്നസെന്റും മമ്മൂട്ടിയും ഒന്നിച്ചത്. ഇവരോടൊപ്പമുള്ള ദിലീഷ് പോത്തന്റെയും, ഹരീഷ് കണാരന്റെയും കോമ്പിനേഷൻ സീനുകൾ പേക്ഷകരെ ഒരുപാട് ചിരിപ്പിക്കുന്നതാണ്. അത് പോലെ തന്നെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സോഹൻ സീനുലാൽ, അലെൻസിയർ, അഞ്ജലി ഉപാസന,വിവേക് ഗോപൻ, മണിയൻ പിള്ള രാജു എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

വിനോദ് ഇല്ലംപള്ളിയുടെ ഛായാഗ്രഹണം സിനിമയുടെ കഥാന്തരീക്ഷത്തോട് ചേർന്ന് നിൽക്കുന്നതാണ്. സംഗീതം എം ജയചന്ദ്രനും, പശ്ചാത്തല സംഗീതം ഗോപി സുന്ദറുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഗാനങ്ങളും പശ്ചാത്തലം സംഗീതവും ഒന്നിനൊന്ന് മികച്ചതായി തോന്നി. രതീഷ് രാജ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്, കൃത്യമായ വേഗതയിലും സിനിമയുടെ ഒഴുക്കിനെയും തടസപ്പെടുത്താതെ വളരെ മനോഹരമായിട്ടാണ് അദ്ദേഹം ചിത്രം എഡിറ്റ് ചെയ്യ്തിരിക്കുന്നത്.

ഈ ഓണത്തിന് കൂട്ടുകാരോടൊപ്പവും കുടുംബത്തോടൊപ്പവും പോയി കണ്ടു രസിക്കാൻ പറ്റിയ ഒരു ഫീൽ ഗുഡ് മൂവി തന്നെയാണ് പുള്ളിക്കാരൻ സ്റ്റാറാ.

Movie Rating : 3.2/5

 

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.