Home Malayalam Latest Reviews Tharangam Malayalam Movie Review

Tharangam Malayalam Movie Review

SHARE
tharangam movie review
tharangam movie review

Tharangam Malayalam Movie Review

യുവനടൻ ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്ത തരംഗം തിയേറ്ററുകളില്‍ എത്തി. കാക്കമുട്ടൈ, വിസാരണൈ, നാനും റൗഡി താന്‍, അമ്മാ കണക്ക് എന്നീ തമിഴ് സിനിമകള്‍ക്ക് ശേഷം വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ സംവിധായകനും നടനുമായ ധനുഷാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ധനുഷ് നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമയന്ന പ്രത്യേകത കൂടിയുണ്ട് തരംഗത്തിന്. പുതുമുഖങ്ങളായ ശാന്തി ബാലചന്ദ്രനും നേഹ അയ്യരുമാണ് ഈ ചിത്രത്തിലെ നായികമാരായെത്തിയത്.  ദിലീഷ് പോത്തൻ, ബാലു വർഗീസ് , വിജയരാഘവൻ. സൈജു കുറുപ്പ്, അലെൻസിയർ, സഞ്ജു ശിവറാം, സിജോയ് വർഗീസ്, ഷമ്മി തിലകൻ എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിൽ മുൻപൊന്നും പരീക്ഷിക്ക പെടാത്ത ഒരു വ്യത്യസ്ത പ്രമേയവുമായിട്ടാണ് അരുൺ തന്റെ ആദ്യ സംരഭം ഒരുക്കിയിരിക്കുന്നത്. വിഗ്രഹം മോഷ്ടിച്ചതിന് ആളുകൾ തല്ലിക്കൊന്ന പവിത്രനും ദൈവവും തമ്മിലുളള സംഭാഷണത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്.

ടൊവിനൊ തോമസ് ചെയ്യുന്ന എസ്ഐ പദ്മനാഭന്‍ പിള്ള, ബാലു വര്‍ഗീസ് അവതരിപ്പിക്കുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ജോയ് എന്നിവരുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ചിത്രം ആരംഭിക്കുന്നതും അവസാനിക്കുന്നതുമെല്ലാം ഒരു ഫാന്റസി എന്ന പോലെയാണ്. ഇവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു സംഭവും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അത് ഒരു കോമഡി പോലെ അവതരിപ്പിക്കുകയാണ് സംവിധായകൻ.

ഒരു എന്റെർറ്റൈനെർ എന്നതിനേക്കാളുപരി അരുൺ എന്ന നവാഗത സംവിധായകന്റെ വ്യത്യസ്തമായ ഒരു സമീപനം തന്നെയാണ് ഈ ചിത്രം. വ്യത്യസ്തരായ മൂന്ന് വ്യക്തികളുടെ ജീവിതം ഒരു ചങ്ങല പോലെ ഒന്നിപ്പിക്കാൻ അരുണിന് കഴിഞ്ഞു. അതിനു കൈകൊടുക്കേണ്ടത് സ്ക്രിപ്റ്റിംഗിനാണ്. അരുണും അനിൽ നാരായണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ഒരു ഫാന്റസി ത്രില്ലെർ ആണെങ്കിൽ കൂടിയും അത് തികച്ചും വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാനും അല്പം പോലും ലാഗിംഗ് അനുഭവപ്പെടാത്ത രീതിയിൽ കൃത്യമായ വേഗതയിൽ ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകാൻ അരുണിന് കഴിഞ്ഞു.

ടോവിനോയുടെയും ബാലു വര്ഗീസിന്റെയും മികച്ച കോമ്പിനേഷൻ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഇവരിലൂടെ ഒരു പുതിയ ഹിറ്റ് കൂട്ടുകെട്ടിനെ കൂടി ഈ ചിത്രം സമ്മാനിക്കുന്നു. ടോവിനോ ഒരിക്കൽ കൂടി തെളിയിക്കുകയാണ് എന്തുകൊണ്ടാണ് മലയാള സിനിമയിലെ ഇന്നത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി തന്നെ കണക്കാക്കുന്നത് എന്ന്. ഈ വർഷം പുറത്തിറങ്ങിയ ഒരു മെക്സിക്കൻ അപാരത, ഗോദ എന്നീ ചിത്രത്തിലൂടെ നമ്മളെ വിസ്മയിപ്പിച്ച ടോവിനോ അതിനെയും മറികടക്കുന്ന പെർഫോമൻസ് ആണ് ഈ ചിത്രത്തിലൂടെ കാഴ്ചവെച്ചിരിക്കുന്നത്. ബാലു വർഗീസ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ വളരെ മനോഹരമായിട്ടാണ് ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി നേടി.

പദ്മനാഭന്റെ കാമുകിയായ മാലു എന്ന ശക്തമായ ഒരു കഥാപാത്രത്തെയാണ് ശാന്തി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു പുതുമുഖത്തിന്റെ യാതൊരു പാതർച്ചയുമില്ലാതെ വളരെ മനോഹരമായിട്ടാണ് ശാന്തി ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ ഓമന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നേഹ അയ്യരുടെ പ്രകടനം കുറച്ചുകൂടി മെച്ചപ്പെടുത്താം എന്ന് തോന്നി. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അലൻസീയർ, ഷമ്മി തിലകൻ, അച്ചുതാന്ദൻ, ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, മനോജ് കെ. ജയൻ, വിജയരാഘവൻ, ദിലീഷ് പോത്തൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും മികച്ചതാക്കി.

ദീപക് ഡി മേനോൻ ഒരുക്കിയ ദൃശ്യങ്ങൾ ഏറ്റവും റിയലിസ്റ്റിക് ആയി തന്നെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചപ്പോൾ അശ്വിൻ രഞ്ജുവിന്റെ സംഗീതം ചിത്രത്തിന് വല്യ മെച്ചമായി തോന്നിയില്ല. എഡിറ്റിംഗ് നിർവഹിച്ച ശ്രീനാഥ് സിനിമ അർഹിക്കുന്ന പരിഗണന നൽകി തന്റെ ഭാഗം മികച്ചതാക്കി.

ഈ വർഷം മലയാളത്തിൽ എത്തിയ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഒരു മനോഹര ചിത്രമാണ് തരംഗം. കൂട്ടുകാരുമൊത്തോ ഫാമിലി ആയിട്ടോ പോയി ആസ്വദിച്ചു കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമയാണ്.

ഈ സിനിമക്ക് IMP movie media നൽകുന്ന റേറ്റിംഗ് 3.5/5

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.