Home Malayalam Latest Reviews Udhaharanam Sujatha Movie Review

Udhaharanam Sujatha Movie Review

SHARE
udharaharanam sujatha movie review
udharaharanam sujatha movie review

Udhaharanam Sujatha Movie Review

 

മഞ്ജു വാരിയേറെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ Praveen c Joseph സംവിധാനം ചെയ്ത ചിത്രമാണ് ഉദാഹരണം സുജാത. അനുരാഗ കരിക്കിന്‍ വെള്ളം, എബിസിഡി എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ നവീന്‍ ഭാസ്‌കറിനൊപ്പം ചേര്‍ന്ന് മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മംമ്ത മോഹൻദാസ്, നെടുമുടി വേണു, ജോജു ജോർജ്, സുധി കോപ്പ, അലെൻസിയർ, അനശ്വര എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ദി സീൻ സ്റുഡിയോസിന്റെ ബാനറിൽ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ജോജുവും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

2016 ൽ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായ ” Nil Battey Sannata ” യുടെ മലയാളം റീമേക്കാണ് ഉദാഹരണം സുജാത. പ്രേക്ഷക അഭിപ്രായംകൊണ്ടു ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം തമിഴിൽ ‘അമ്മ കണക്കു എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു, അമല പോളായിരിന്നു തമിഴിൽ നായിക. വിധവയായ സുജാതയുടെ ജീവിതമാണ് ഈ സിനിമയുടെ പശ്ചാത്തലം.  മകൾക്കു വേണ്ടി ജീവിതത്തിൽ ഒരുദാഹരണം ആയി മാറുന്ന ഒരമ്മയുടെ പോരാട്ടമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ വരച്ചു കാട്ടുന്നത്.

പതിഞ്ഞ താളത്തിൽ തുടങ്ങിയ ചിത്രത്തിന്റെ ഒന്നാം പകുതിയിൽ സുജാതയും മകളും തമ്മിലുള്ള ആത്‌മബന്ധവും മകളെ നല്ലനിലയിലെത്തിക്കാനുള്ള ആ അമ്മയുടെ കഷ്ടപാടുകളുമാണ് കാണിക്കുന്നത്. പക്ഷെ രണ്ടാം പകുതിയിൽ ചിത്രം ശരിയായ ട്രാക്കിലേക്ക് എത്തുകയാണ്. അമ്മയുടെയും മകളുടെയും വൈകാരിക ബന്ധത്തെ പ്രേക്ഷകന്റെ മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ മികച്ചതായിരുന്നു രണ്ടാം പകുതി.

മാര്‍ട്ടിന്‍ പ്രക്കാട്, സിദ്ധാര്‍ത്ഥ് ശിവ, ജയിംസ് ആല്‍ബര്‍ട്ട് എന്നിവരുടെ സംവിധാന സഹായിയും, ചാര്‍ളിയുടെ സഹസംവിധായകനുമായിരുന്നു പ്രവീണിന്റെ കന്നി സംവിധാന സംരംഭമാണ് ഈ സിനിമ. വളരെ ലളിതമായൊരു കഥയെ അതിന്റെ എല്ലാ ചേരുവകളുമുൾപ്പെടുത്തി പ്രേക്ഷകന് ഒരു നിമിഷം പോലും മുഷിപ്പ് അനുഭവപ്പെടാത്ത രീതിയിൽ അവതരിപ്പിക്കാൻ തന്റെ ആദ്യ ചിത്രം കൊണ്ടുതന്നെ പ്രവീണിന് കഴിഞ്ഞു.

സുജാതയായി മികച്ച പ്രകടനമാണ് മഞ്ജു വാര്യർ കാഴ്‌ച വെച്ചത്. മഞ്ജുവിന്റെ രണ്ടാം വരവിലെ ഏറ്റവും മികച്ച കഥാപാത്രം ഇത് തന്നെ എന്ന് നിസംശയം പറയാം. പക്ഷെ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള മഞ്ജുവിന്റെ പോരായ്മ ചിത്രത്തിലുടനീളം പ്രതിഫലിക്കുന്നു.  എടുത്തുപറയേണ്ട മറ്റൊരു കാര്യമെന്തെന്നാൽ മഞ്ജുവിന്റെ മകളായി അഭിനയിച്ച അനശ്വരയുടെ പെർഫോമൻസാണ്. മഞ്ജുവിനൊപ്പം തന്നെ മത്സരിച്ചഭിനയിച്ച അനശ്വര ഒരു പുതുമുഖമാണെന്നു പ്രേക്ഷകന് മനസിലാവുകയേയില്ല.  അനശ്വരയെ കൂടാതെ മൂന്ന് കുട്ടികള്‍ കൂടി ഈ സിനിമയില്‍ മുഖ്യ കഥാപാത്രങ്ങളാകുന്നു. അവരിലൊരാള്‍ പുത്തന്‍ പണം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മാസ്റ്റര്‍ സ്വരാജാണ്. അജ്മിന, അഭിനവ് എന്നിവരാണ് മറ്റുള്ളവര്‍. അതുപോലെ തന്നെ മറ്റ്‌ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത മമ്ത മോഹൻദാസ് ,നെടുമുടി വേണു, ജോജു ജോർജ്, സുധി കോപ്പ,അരിസ്റ്റോ സുരേഷ് എന്നിവരും തങ്ങളുടെ ഭാഗം മികച്ചതാക്കി.

മധു നീലകണ്ഠന്റെ ഛായാഗ്രഹണം സിനിമയുടെ കഥാന്തരീക്ഷത്തോട് ചേർന്ന് നിൽക്കുന്നതാണ്. ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലം സംഗീതവും ഒന്നിനൊന്ന് മികച്ചതായി തോന്നി. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ ഒഴുക്കിനെ ഒട്ടും തന്നെ തടസപ്പെടുത്താതെയാണ് അദ്ദേഹം ചിത്രം എഡിറ്റ് ചെയ്യ്തിരിക്കുന്നത്.

പത്തു പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടികളുടെ അച്ഛനമ്മമാരിലേക്ക് എളുപ്പം പകരാവുന്ന ഒരു ആശയമാണ് ഈ സിനിമയുടേത്. കൂടാതെ കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുകൊണ്ട് തയാറാക്കിയ ഈ ചിത്രം തികച്ചും ഒരു എന്റെർറ്റൈനെർ തന്നെയാണ്.

ഈ സിനിമക്ക് IMP movie media നൽകുന്ന റേറ്റിംഗ് 3/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.